Showing posts with label Chicken. Show all posts
Showing posts with label Chicken. Show all posts

കോഴി നിറച്ചു പൊരിച്ചത്


















  1. കോഴി കഴുകി വൃത്തിയാക്കിയത് ഒന്ന് ( അര കിലോ)
  2. കോഴി മുട്ട 3
  3. സവാള ഒന്ന്
  4. പച്ചമുളക് 2
  5. കറിവേപ്പില രണ്ടു കതിര്‍പ്പ്
  6. എണ്ണ ആവശ്യത്തിന്‌  
  7. മുളക് പൊടി ഒരു ടീസ്പൂണ്‍
  8. മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
  9. വെളുത്തുള്ളിയുടെ     നീര് നാല് അല്ലിയുടെ  
  10. ഇഞ്ചി നീര് ഒരു കഷണത്തിന്റെ
  11.  ചെറുനാരങ്ങ നീര് പകുതി ചെറു നാരങ്ങയുടെ
  12. ഉപ്പ് പാകത്തിന്
  13. അരിപൊടി   ഒരു ടേബിള്‍ സ്പൂണ്‍
  14. സവാള 3
  15. അണ്ടി പരിപ്പ് ഒരു ടേബിള്‍ സ്പൂണ്‍
  16. കിസ്മിസ് ഒരു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

കോഴി നല്ല പോലെ കഴുകി വൃത്തിയാക്കി അടിവയര്‍ കീറി വെക്കുക. രണ്ടു കോഴിമുട്ട പുഴുങ്ങി തൊണ്ടു പൊളിച്ചു കോഴിയുടെ അടിവയറ്റില്‍ കയറ്റി വെക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു   3  മുതല്‍ 5  വരെയുള്ള ചേരുവകള്‍ വഴറ്റിയെടുക്കുക. വഴറ്റിയ ചേരുവകള്‍ കോഴിയുടെ വയറിനുള്ളിലേക്ക്    വക്കുക. പിന്നീട് കോഴിയുടെ രണ്ടു കാലുകളും ഉള്ളിലേക്ക് പിണച്ചു വെക്കുക. 7 -12  വരെയുള്ള ചേരുവകള്‍ ഒന്നിച്ചാക്കി കുഴമ്പ് പരുവത്തിലാക്കുക., ഈ കൂട്ടിലേക്ക് അരിപ്പൊടിയും ഒരു മുട്ട പൊട്ടിച്ചതും ചേര്‍ത്തിളക്കി കോഴിയുടെ പുറത്തു നല്ലവണ്ണം പുരട്ടി ഒരു മണിക്കൂര്‍ നേരം വെക്കുക. വെളിച്ചെണ്ണ നല്ലവണ്ണം ചൂടാക്കി കോഴി അതിലിട്ട്  ചുവപ്പ് നിറം ആകുന്നതുവരെ പൊരിക്കുക. പിന്നീട് അടുപ്പില്‍ നിന്നും ഇറക്കി  വെക്കുക. കനം കുറഞ്ഞു അരിഞ്ഞ സവാള എണ്ണയില്‍  വറുത്തെടുത്ത അണ്ടിപരിപ്പും കിസ്മിസും പൊരിച്ച കോഴിയുടെ മേലെ വിതറിയിടുക. 

ബ്രൌണ്‍ കുറുമ ചിക്കന്‍















 കോഴി കഷണങ്ങളാക്കിയത് 2  കിലോ
മല്ലി പൊടി രണ്ടു ടേബിള്‍ സ്പൂണ്‍
മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
ഉപ്പു പാകത്തിന്
സവാള അരിഞ്ഞത് 10
കറി വേപ്പില 3  കതിര്‍പ്പ്
തക്കാളി 4
പച്ചമുളക് 10
ഇഞ്ചി നീളത്തിലരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ 2  കപ്പ്‌
 
പാകം ചെയ്യുന്ന വിധം
 
പകുതി സവാള എണ്ണയില്‍ വറുത്തു കോരി വെക്കുക. വറുത്ത സവാള മിക്സിയിലിട്ട് അരച്ച് വെക്കുക. പൊടികള്‍ ചീനച്ചട്ടിയില്‍ ചൂടാക്കി അരച്ച് വെക്കുക. ബാക്കിയുള്ള   സവാള, പച്ചമുളക്, ഇഞ്ചി എന്നിവ നീളത്തില്‍ അരിഞ്ഞു   വെക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള,പച്ചമുളക് ഇഞ്ചി എന്നിവ വഴറ്റുക. വഴന്നു കഴിയുമ്പോള്‍   അരച്ച് വെച്ചിരിക്കുന്ന സവാളയും പൊടികളും ചേര്‍ക്കുക. തക്കാളി അരിഞ്ഞതിട്ടു   വഴറ്റി കോഴി കഷണങ്ങള്‍ ചേര്‍ത്തിളക്കി പാത്രം മൂടി വെച്ച് വേവിക്കുക. കഷണങ്ങള്‍ വെന്തു ചാറു കുറുകുമ്പോള്‍ കറി അടുപ്പില്‍ നിന്നും ഇറക്കി വെക്കുക.

ചിക്കന്‍ ഫ്രൈ 2002













1.കോഴി 16  കഷണങ്ങളാക്കിയത് ഒന്നേകാല്‍ കിലോ
2.വനസ്പതി ഒരു ടേബിള്‍ സ്പൂണ്‍
3.ഗ്രാമ്പൂ 8
   ഏലക്ക 8
   കറുവാപ്പട്ട 4
4.വെള്ളം ഒന്നര കപ്പ്
   ഉപ്പ്‌ പാകത്തിന്
5.കോഴിമുട്ട അടിച്ചു പതപ്പിച്ചത് രണ്ട്
6.അധികം പുളിയില്ലാത്ത തൈര് ഒരു കപ്പ്
7.വറ്റല്‍ മുളക് ചതച്ചത് 10
8.മൈദാ മാവ് ഒരു കപ്പ്
9.കോണ്‍ഫ്ലോര്‍ രണ്ടു ടേബിള്‍ സ്പൂണ്‍
10.മല്ലിയില അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
11.കുരുമുളക് പൊടി ഒരു ടീസ്പൂണ്‍
12.അജിനിമോട്ടോ ഒരു ടീസ്പൂണ്‍
13.തക്കാളി സോസ് രണ്ടു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ വനസ്പതിയൊഴിച്ചു ചൂടാകുമ്പോള്‍ മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് ഇളക്കി നല്ല വാസന വരുമ്പോള്‍ കഴുകി വാരിവെച്ചിരിക്കുന്ന   ഇറച്ചി കഷണങ്ങളും ഒന്നര കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക. കോഴി വെന്തു ഒരു കപ്പ് ചാറാകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങണം. ചാറില്‍ നിന്നും    കഷണങ്ങള്‍   കോരിയെടുത് ചാറ് അരിച്ചു മാറ്റി വെക്കണം. മൂന്നുമുതല്‍ പന്ത്രണ്ടു വരെയുള്ള ചേരുവകളും ഒരു കപ്പ് കോഴി വെന്ത ചാറും പാകത്തിന് ഉപ്പും ഒന്നിച്ചാക്കി കോഴി കഷണങ്ങള്‍ ഇതില്‍ പുരട്ടി രണ്ടു മണിക്കൂര്‍ വെക്കുക. രണ്ടു മണിക്കൂറിനു ശേഷം ചൂടായ എണ്ണയില്‍ കോഴി കഷണങ്ങള്‍ വറുത്തെടുക്കുക.

നാടന്‍ കോഴി റോസ്റ്റ്















1.കോഴി കഷണങ്ങളാക്കിയത് ഒരു കിലോ
2.ചുവന്നുള്ളി 100  ഗ്രാം
   മുളക് പൊടി രണ്ടു ടേബിള്‍ സ്പൂണ്‍
   മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
   പെരുംജീരകം രണ്ടു ടീസ്പൂണ്‍
   പട്ട 4 -5
   കുരുമുളക് ഒരു ടേബിള്‍ സ്പൂണ്‍
   ഗ്രാമ്പൂ 4 -5
3.ഉപ്പ്‌ പാകത്തിന്
   വിനാഗിരി രണ്ടു ടേബിള്‍ സ്പൂണ്‍
4.വെളിച്ചെണ്ണ ഒരു കപ്പ് 
 
പാകം ചെയ്യുന്ന വിധം
 
പകുതി ചുവന്നുള്ളിയും രണ്ടാമത്തെ ബാക്കി ചേരുവകളും നല്ല മയത്തില്‍ അരച്ചെടുക്കുക. കോഴി കഷണങ്ങളില്‍ അരപ്പും ബാക്കിയുള്ള ചുവന്നുള്ളി തൊലി കളഞ്ഞു മുഴുവനോടെ എടുത്തിട്ടു ആവശ്യത്തിനു ഉപ്പും വിനാഗിരിയം വെള്ളവുമൊഴിച്ചു വേവിക്കുക, വെന്തു കഴിയുമ്പോള്‍ ചാറ് അരിച്ചു മാറ്റി വെക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച്     ചൂടാകുമ്പോള്‍ വേവിച്ച കോഴിയും ചുവന്നുള്ളിയും വറുത്തു കോരുക. വറുത്ത കോഴി കഷണങ്ങളില്‍ മാറ്റി വെച്ചിരിക്കുന്ന ചാറും ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി ഇറക്കി വെക്കാം.

തേങ്ങ വറുത്തരച്ച കോഴിക്കറി
















കോഴിയിറച്ചി കഷണങ്ങളാക്കിയത് അര കിലോ
തേങ്ങ ചിരകിയത് അര മുറി
ചുവന്നുള്ളി ഒരു കപ്പ്
ഇഞ്ചി ഒരു വലിയ കഷണം
പച്ച മുളക് എട്ട്
വെളുത്തുള്ളി എട്ടല്ലി
എണ്ണ രണ്ടു ടേബിള്‍ സ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത് ഒന്ന്
തക്കാളി ഒന്ന്
ഉപ്പു പാകത്തിന്
മല്ലിപൊടി രണ്ടു ടേബിള്‍ സ്പൂണ്‍
മുളക് പൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
ഗരം മസാല അര ടീസ്പൂണ്‍
കറിവേപ്പില രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

തേങ്ങ ചിരകിയത് ചീനച്ചട്ടിയിലിട്ടു ഇളം ചുവപ്പാകുന്നതുവരെ വറുത്തു നന്നായി അരക്കുക, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്  , വെളുത്തുള്ളി എന്നിവ ചതച്ചു വെക്കുക. എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ സവാള നന്നായി മൂപ്പിക്കുക. അതിന്‍റെ കൂടെ ചതച്ച ചേരുവകളും ചെറുതായി അരിഞ്ഞ തക്കാളിയും ഇട്ടു വഴറ്റുക. നന്നായി വഴറ്റിയതിനു   ശേഷം അതിന്‍റെ കൂടെ മല്ലിപൊടിയും മുളക് പൊടിയും മഞ്ഞള്‍പൊടിയും ഇറച്ചിയും ഉപ്പും രണ്ടു കപ്പ് വെള്ളവും ഒഴിച്ച് വേവിക്കുക, 15  മിനിട്ടിനു ശേഷം തേങ്ങ അരച്ചതും ഗരം മസാല പൊടിയും കറിവേപ്പിലയും ചേര്‍ത്ത് 10  മിനിട്ട് കൂടെ  ചെറിയ തീയില്‍ വേവിച്ചു ഇറക്കി വെക്കുക.

നാടന്‍ കോഴി കറി
















1 . കോഴിയിറച്ചി ഒരു കിലോ
2 . മല്ലിപൊടി ഒന്നര ടേബിള്‍ സ്പൂണ്‍
      മുളക് പൊടി രണ്ടു ടേബിള്‍ സ്പൂണ്‍
      മല്ലി പൊടി അര ടീസ്പൂണ്‍
     കുരുമുളക് പൊടി കാല്‍ ടീസ്പൂണ്‍
3 . വെളിച്ചെണ്ണ 50  മില്ലി
4 . കടുക് ഒരു ടീസ്പൂണ്‍
5 . സവാള കനം കുറച്ചരിഞ്ഞത് മൂന്ന്‌
       വെളുത്തുള്ളി അല്ലി 15
       പച്ചമുളക് അറ്റം പിളര്‍ന്നത് നാല്
       ഇഞ്ചി കനം കുറച്ചരിഞ്ഞത് ഒരു വലിയ കഷണം
       കറി വേപ്പില രണ്ടു തണ്ട്
6 . ഉപ്പു പാകത്തിന്
7 . രണ്ടു കപ്പ്‌ തിരുമ്മിയ തേങ്ങയില്‍ നിന്നെടുത്ത തലപ്പാല്‍ അര കപ്പ്‌
     രണ്ടാം പാല്‍ രണ്ടു കപ്പ്‌
8.  ഉരുളകിഴങ്ങ് നാലായി മുറിച്ചത് 3  വലുത്

പാകം ചെയ്യുന്ന വിധം

രണ്ടാമത്തെ ചേരുവകള്‍ അല്പം വെള്ളത്തില്‍ കുഴമ്പ് രൂപത്തിലാക്കുക  . എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക  . ഇതില്‍ അഞ്ചാമത്തെ ചേരുവകള്‍ യഥാക്രമം മൂപ്പിക്കുക. ഇതില്‍ കുഴമ്പ് രൂപത്തിലാക്കിയ മസാല പൊടികള്‍ ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. കോഴിയിറച്ചി കഷണങ്ങളാക്കിയതും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക. ഇതില്‍ രണ്ടാം പാലൊഴിച്ചു പകുതി വേവാകുമ്പോള്‍ ഉരുളകിഴങ്ങ് കഷണങ്ങള്‍ ചേര്‍ത്ത് വേവിക്കുക., നല്ലപോലെ വെന്തു കഴിയുമ്പോള്‍ തലപ്പാല്‍ ചേര്‍ത്ത് ഒന്ന് കുറുകുമ്പോള്‍ ഇറക്കി വെക്കാം.
  

ആന്ധ്ര ബിരിയാണി
















കോഴി ഒരു കിലോ
ബസ്മതി അരി ഒരു കിലോ
ശുദ്ധി ചെയ്ത എണ്ണ 250  മില്ലി
സവാള അരിഞ്ഞത് ഒരു കിലോ
പച്ചമുളക്   നെടുകെ പിളര്‍ന്നത് 15  എണ്ണം
കറുവാപ്പട്ട 5  ഗ്രാം
ഏലക്ക 5  ഗ്രാം
ഗ്രാമ്പൂ 5  ഗ്രാം
ഇഞ്ചി, വെളുത്തുള്ളി   സമം അരച്ചത്‌ ഒരു ടേബിള്‍ സ്പൂണ്‍
തക്കാളി അരിഞ്ഞത് 500  ഗ്രാം
തൈര് അടിച്ചത് ഒരു കപ്പ്‌
ഉപ്പ് പാകത്തിന്
വെള്ളം രണ്ടു ലിറ്റര്‍

പാകം ചെയ്യുന്ന വിധം

കോഴി 50  ഗ്രാം പീസായി മുറിക്കണം. അരി നേരത്തെ തന്നെ വെള്ളത്തില്‍ അര മണിക്കൂര്‍ കുതിര്‍ത്തു വെക്കുക. പാത്രത്തില്‍ മേല്‍പ്പറഞ്ഞ അളവിലുള്ള എണ്ണ നന്നായ്   ചൂടായ ശേഷം സവാള നന്നായ് വഴറ്റുക. ഒപ്പം പച്ചമുളക് കറുവപ്പട്ട, ഏലക്ക, ഗ്രാമ്പൂ എന്നിവയും ചേര്‍ത്ത് നന്നായി ഇളക്കുക. ഉള്ളി ചുവന്നു വരുമ്പോള്‍   ഇഞ്ചി, വെളുത്തുള്ളി അരച്ചത്‌ തക്കാളി എന്നിവയിട്ട് നന്നായി ഇളക്കുക. അതിനുശേഷം കോഴി കഷണങ്ങളിട്ടു തൈരും ആവശ്യത്തിനുപ്പും ചേര്‍ത്ത് ചെറിയ തീയില്‍ പകുതി വേവില്‍ വേവിച്ചെടുക്കുക. കുതിര്‍ത്ത അരിയും ആവശ്യത്തിന്‌ വെള്ളവും ചേര്‍ത്ത് ( ഏകദേശം രണ്ടു ലിറ്റര്‍) നന്നായി ഇളക്കി ചെറിയ തീയില്‍ നല്ലത് പോലെ അടചു വെച്ച് അരി വേവിച്ചെടുക്കുക.

ചിക്കന്‍ ബട്ടര്‍ മസാല















1. ചിക്കന്‍ ഒരു കിലോ
2. സവാള അരിഞ്ഞത് ഒരു കിലോ
    തക്കാളി ചെറുതായി മുറിച്ചത് 500  ഗ്രാം
3. എണ്ണ ഒരു കപ്പ്‌
4. ഗരം മസാല ( ഗ്രാമ്പൂ,ജാതി പത്രി,ഏലക്ക,കറുവപ്പട്ട) 5  ഗ്രാം വീതം
5. ഇഞ്ചിയും വെളുത്തുള്ളിയും കൂട്ടി അരച്ചത്‌ 50  ഗ്രാം വീതം
   പച്ചമുളക് നെടുകെ കീറിയത് 100  ഗ്രാം
6. ചുവന്ന ഫുഡ് കളര്‍ ഒരു നുള്ള്
.   ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

കോഴി നന്നായി കഴുകി ചെറുതായി മുറിക്കുക. സവാള അരിഞ്ഞതും തക്കാളിയും രണ്ടു കപ്പ്‌ വെള്ളവും ഒഴിച്ചു നന്നായി വേവിച്ചു മിക്സിയില്‍ അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് നന്നായി ചൂടായ ശേഷം   അരച്ച തക്കാളി, സവാള മിശ്രിതം ഇട്ട് നന്നായി ഇളക്കുക. ഗരം മസാലയും ചേര്‍ക്കുക. നന്നായി തിളച്ച ശേഷം അഞ്ചാമത്തെ ചേരുവകള്‍   ചേര്‍ക്കുക. കളറും കോഴി കഷണങ്ങളും പാകത്തിന് ഉപ്പും ചേര്‍ത്ത് എണ്ണ  തെളിയുന്നത് വരെ അടുപ്പില്‍ വേവിക്കുക. ഇത് ചപ്പാത്തി പൊറോട്ട എന്നിവയോടു കൂടെ കഴിക്കാം

ചിക്കന്‍ റോസ്റ്റ്














1.  ചിക്കന്‍‍ കഷണങ്ങളാക്കിയത് ഒരു കിലോ
2.  തക്കാളി അരിഞ്ഞത് 500  ഗ്രാം
സവാള അരിഞ്ഞത് 500  ഗ്രാം
മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍‍ പൊടി കാല്‍ ടീസ്പൂണ്‍
പച്ചമുളക് നടുവേ കീറിയത് 50  ഗ്രാം
3.  വെള്ളം രണ്ടു കപ്പ്‌
4.  കുരുമുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്‌
5.  ശുദ്ധി ചെയ്ത എണ്ണ ഒരു കപ്പ്‌

പാകം ചെയ്യുന്ന വിധം

മുറിച്ച കോഴി കഷണങ്ങള്‍   രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത്   രണ്ടു കപ്പ്‌ വെള്ളത്തില്‍ വേവിച്ചെടുക്കുക. വെള്ളം മുഴുവനും   വറ്റിയ ശേഷം കുരുമുളക് പൊടിയും   ഉപ്പും ചേര്‍ത്ത് ഇളക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടായ ശേഷം കഷണങ്ങളിട്ടു നന്നായി മൊരിയിചെടുക്കുക.

ചിക്കന്‍ സിക്സര്‍















കോഴി (20   കഷണങ്ങളായി മുറിക്കണം) ഒരു കിലോ
ഓറഞ്ച് റെഡ് കളര്‍ അര ടീസ്പൂണ്‍
പൊടി ഉപ്പ് ആവശ്യത്തിന്
മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
പച്ച മുളക് നെടുകെ കീറിയത് 20  എണ്ണം
കറിവേപ്പില ഒരു പിടി

പാകം ചെയ്യുന്ന വിധം

മുറിച്ച കോഴി കഷണങ്ങള്‍ ആവശ്യത്തിന്‌ ഉപ്പും മുളക് പൊടിയും   റെഡ് കളറും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് നന്നായി ചൂടായ ശേഷം അരിഞ്ഞു വെച്ച   പച്ച മുളക്, കറിവേപ്പില എന്നിവയിട്ട് വഴറ്റുക. വേവിച്ച കോഴി കഷണങ്ങള്‍ നന്നായി വറുത്തെടുക്കുക. ചൂട്ടൊടു കൂടി വിളമ്പുക.

മുര്‍ഗ് കെ സൂലി















1.  കോഴി നെഞ്ചും   കാലും കഷണങ്ങളാക്കിയത് ഒരു കിലോ
2.  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 75  ഗ്രാം
ഉപ്പ്‌ 15  ഗ്രാം
ചെറുനാരങ്ങ നീര് 15  മില്ലി
3.  സവാള വറുത്തു അരച്ചത്‌ 100  ഗ്രാം
മുളക് പൊടി 20  ഗ്രാം
മഞ്ഞള്‍ പൊടി 10  ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 25  ഗ്രാം
കട്ട തൈര് അടിച്ചത് 120  ഗ്രാം
ഗരം മസാല പൊടിച്ചത് 10  ഗ്രാം
ഉപ്പ്‌ 15  ഗ്രാം
4.  ഗ്രാമ്പൂ 5
ഏലക്ക 5
നെയ്യ് 15  ഗ്രാം
എരിയുന്ന കനല്‍ ഒരു കഷണം
5.  നെയ്യ് 60  ഗ്രാം

പാകം ചെയ്യുന്ന വിധം

കോഴിയില്‍ രണ്ടാമത്തെ ചേരുവകള്‍ പുരട്ടി വെക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് പുരട്ടി ഒരു മണിക്കൂര്‍ കൂടി വെക്കുക. കുഴിയുള്ള ഒരു പാത്രത്തില്‍ കോഴിയെടുത്    നടുവില്‍ ഒരു കുഴിയുണ്ടാക്കി ഒരു ചെറിയ കറി പാത്രം വെക്കുക. ഈ കറി പാത്രത്തിലേക്ക്   നാല്ലമത്തെ ചേരുവകളില്‍ നെയ്യോഴികെ ബാക്കി ചേരുവകള്‍ ഇട്ട്‌   മുകളില്‍ നെയ്യൊഴിക്കുക. ഉണ്ടാവുന്ന പുക പുറത്തു പോകാതിരിക്കാന്‍ പാത്രം എളുപ്പം അടപ്പോ അലുമിനിയം  ഫോയിലോ  വെച്ച് അടച്ചു വെക്കണം. പുക ഇറച്ചിയില്‍ പിടിക്കാന്‍ 10  മിനിട്ട് അനുവദിക്കുക. പാത്രം തുറന്നു ഓവനില്‍ 150  ഡിഗ്രി ചൂടില്‍ 25  മിനിട്ട് ബേക് ചെയ്തു ചൂട്ടൊടെ വിളമ്പുക.

ദം കാ മുര്‍ഗ്













1.  കോഴി 600  ഗ്രാം
2.  തൈര് 300  മില്ലി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 10  ഗ്രാം
ഉപ്പ്‌ പാകത്തിന്
മഞ്ഞള്‍ പൊടി ഒരു നുള്ള്
മുളക് പടി 5  ഗ്രാം
വെളുത്ത കുരുമുളക് പൊടി 3  ഗ്രാം
3.  അണ്ടിപരിപ്പ് 40  ഗ്രാം
ഉണക്ക തേങ്ങ 60  ഗ്രാം
ബദാം 25  ഗ്രാം
4.  എണ്ണ 100  മില്ലി
5.  കുങ്കമപൂ ഒരു നുള്ള്
ഏലക്ക പൊടി ഒരു നുള്ള്
ചെറുനാരങ്ങ നീര് 10  മില്ലി
6.  സവാള വറുത്തത് 15  ഗ്രാം
പുതിനയില 5  ഗ്രാം

പാകം ചെയ്യുന്ന വിധം

കോഴി നന്നായി കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവകള്‍ പുരട്ടി 30  മിനിട്ട് വെക്കുക. മൂന്നാമത്തെ ചേരുവകള്‍ എണ്ണയില്ലാതെ വറുത്തെടുത്തു മിക്സിയില്‍ അരച്ചെടുക്കുക. അരപ്പും രണ്ടാമത്തെ ചേരുവകള്‍ പുരട്ടി വെച്ചിരിക്കുന്ന കോഴിയും എണ്ണയും ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക, കോഴി പാതി വേവാകുമ്പോള്‍ അടപ്പുള്ള പാത്രത്തിലാക്കി അടച്ചു വേവിക്കുക. ( സൌകര്യമുള്ളവര്‍ക്ക് വിറകടുപ്പില്‍ വെച്ച് താഴെയും മുകളിലും കനലിട്ടു വേവിക്കാം) കോഴി വെന്തു കഴിയുമ്പോള്‍ അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്തിളക്കി വാങ്ങുക. വറുത്ത സവാളയും പുതിനയില അരിഞ്ഞതും ചേര്‍ത് അലങ്കരിച്ചു ചൂട്ടൊടെ വിളമ്പാം.

ചിക്കന്‍ റോള്‍















  1. കോഴിയിറച്ചി 250  ഗ്രാം
  2. മുളക് പൊടി ഒരു ടീസ്പൂണ്‍
  3. ഇറച്ചി മസാല അര ടീസ്പൂണ്‍
  4. പച്ചമുളക് വട്ടത്തിലരിഞ്ഞത് നാലെണ്ണം
  5. ഇഞ്ചി അരിഞ്ഞത് ഒരു കഷണം
  6. സവാള ഒരു കപ്പ്
  7. മഞ്ഞള്‍ പൊടി ഒരു ടീസ്പൂണ്‍
  8. വിനാഗിരി ഒരു ടീസ്പൂണ്‍
  9. വെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍
  10. എണ്ണ 250  ഗ്രാം
  11. വെര്‍മിസില്ലി       200  ഗ്രാം
  12. റൊട്ടി 12  കഷണം
  13. മൈദ കുറച്ച്
  14. ഉപ്പ്‌ പാകത്തിന്
 
 
പാകം ചെയ്യുന്ന വിധം
 
മഞ്ഞള്‍, വിനാഗിരി, ഉപ്പ്‌ എന്നിവ ചേര്‍ത്ത് ഇറച്ചി വേവിക്കുക. എല്ല് നീക്കി ഇറച്ചി പോടിചെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുമ്പോള്‍ ഒന്നുമുതല്‍ ആറ് കൂടിയുള്ള ചേരുവകള്‍ ക്രമമനുസരിച്ച്‌ വഴറ്റണം. പിന്നീട് റൊട്ടി ഓരോ കഷണമായി എടുത്തു വെള്ളത്തില്‍ മുക്കി കയ്‌ വെള്ളയില്‍   വെച്ച് അമര്‍ത്തി വെള്ളം മുഴുവന്‍ കളയണം, റൊട്ടിയില്‍ വെണ്ണ പുരട്ടിയ ശേഷം ഒരു ടേബിള്‍ സ്പൂണ്‍ വഴറ്റിയ ഇറച്ചി നിരത്തി സാവധാനം തെരുതെടുക്കുക. ഇപ്പോള്‍ ചിക്കന്‍ റോളുകള്‍ തയ്യാറായി. റോളുകള്‍ പൊടിച്ച വെര്‍മിസില്ലിയില്‍ ഉരുട്ടണം. മൈദ കൊണ്ടു കുഴമ്പ് ഉണ്ടാക്കി   റൊട്ടിയുടെ അറ്റം ഒട്ടിക്കണം. ഒടുവിലായി തിളച്ച എണ്ണയില്‍ ഇവ വറുത്തെടുക്കുക.   

ചിക്കന്‍ കബാബ്















കോഴി ഇടത്തരം ( ഒന്നരകിലോ തൂക്കം) ഒരെണ്ണം
മുട്ട രണ്ട്
റൊട്ടി ( ബ്രെഡ്‌) നാല് കഷണം
പാല്‍ അര കപ്പ്
പച്ചമുളക് മൂന്ന്‌
ഇഞ്ചി ഒരു കഷണം
മല്ലിയില ഒരു കെട്ട്
ഗരം മസാല പൊടി രണ്ടു ടീസ്പൂണ്‍
പുതിന അല്പം
ഉപ്പ്‌ പാകത്തിന്
 
പാകം ചെയ്യുന്ന വിധം
 
കോഴി മുഴുവനോടെ കഴുകി വൃത്തിയാക്കിയ ശേഷം ഉപ്പ്‌ ചേര്‍ത്ത് വേവിച്ചു എല്ലില്‍ നിന്നും ഇറച്ചി മാറ്റി വെക്കണം. റൊട്ടി പാലില്‍ കുതിര്‍ത്തു പിഴിഞ്ഞെടുക്കുക. ഇഞ്ചി,മല്ലിയില,പുതിനയില, പച്ചമുളക് എന്നിവ അരച്ച് കോഴിയും റൊട്ടിയും ചേര്‍ത്ത് വീണ്ടും മയത്തില്‍ അരച്ചെടുക്കുക. എന്നിട്ട് മുട്ടയും ഗരം മസാല പൊടിയും ചേര്‍ത്ത് കുഴച്ചു വെക്കണം. ഇതില്‍ നിന്നും അല്‍പ്പാല്‍പ്പമായി     എടുത്തു കയ്യില്‍ വെച്ച് നെയ്മയം വരുത്തിയ കബാബ് കോലില്‍  കുത്തി കയറ്റുക. ഇപ്രകാരം മൂന്നോ നാലോ കബാബ് വെച്ച ശേഷം ഗ്രില്ലില്‍ വെച്ചോ തീ കനലില്‍ വെച്ചോ ചുട്ടെടുക്കണം. ഇടയ്ക്കു കുറച്ചു നെയ്‌ തടവി കൊടുക്കണം. വെന്തു തവിട്ടു നിറമാകുമ്പോള്‍ എടുത്തു പ്ലേറ്റില്‍    വെക്കണം, കബാബിനെ ഉള്ളി വളയങ്ങളും ചെറുനാരങ്ങ കഷണങ്ങളും വെച്ച് അലങ്കരിക്കാം . പുതിന   ചട്ണിയോടൊപ്പം കഴിക്കാവുന്നതാണ്.

ഹോട്ട് ചിക്കന്‍ ഫ്രൈ

















കോഴി ഒരു കിലോ
സവാള ആറെണ്ണം
ഉള്ളി രണ്ടെണ്ണം
ഡാല്‍ഡാ രണ്ടു ടീസ്പൂണ്‍
ഇഞ്ചി രണ്ടു ചെറിയ കഷണം
സോയ സോസ് ഒന്നര ടീസ്പൂണ്‍
മുളക് പൊടി ഒരു ടീസ്പൂണ്‍
തക്കാളി അരിഞ്ഞത് അര കപ്പ്
വെളുത്തുള്ളി രണ്ടെണ്ണം
വറ്റല്‍ മുളക് കുരു കളഞ്ഞു ചെറുതായി അരിഞ്ഞത് എട്ടെണ്ണം
ഉപ്പ്‌ പാകത്തിന്
 
പാകം ചെയ്യുന്ന വിധം
 
കോഴി വലിയ കഷണങ്ങളാക്കി ഫോര്‍ക്ക് കൊണ്ടോ മറ്റോ അവിടവിടെ കുത്തണം. എന്നിട്ട് സോയ സോസ്, മുളക് പൊടി, ഉപ്പ്‌ എന്നിവ പുരട്ടി ഒരു മണിക്കൂര്‍ വെക്കണം. ഇതിനുശേഷം വേവിക്കുക. സവാള, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി എന്നിവ നീളതിലരിഞ്ഞതും വറ്റല്‍മുളകും ഡാല്‍ഡയില്‍  വഴറ്റുക. മൂക്കുമ്പോള്‍ ഇറച്ചിയിട്ട് വറുക്കണം. പിന്നീട് തക്കാളി അരിഞ്ഞ് ചേര്‍ത്ത് ഇളക്കണം. നല്ലവണ്ണം മൊരിഞ്ഞാല്‍ വാങ്ങുക

സ്ടഫ്ട് (stuffed)ചിക്കന്‍















കോഴി അര കിലോ
പപ്പടം ഇരുപതെണ്ണം
വെളുത്തുള്ളി ഒരു ചുള
സവാള രണ്ടെണ്ണം
മഞ്ഞള്‍ അര ടീസ്പൂണ്‍
മല്ലി ഒരു ടേബിള്‍ സ്പൂണ്‍
വറ്റല്‍   മുളക് അഞ്ചെണ്ണം
പെരുംജീരകം അര ടീസ്പൂണ്‍
ഇഞ്ചി ഒരു കഷണം
പട്ട ഒരു കഷണം
കുരുമുളക് അര ടീസ്പൂണ്‍
ഗ്രാമ്പൂ രണ്ടെണ്ണം
നാരങ്ങ ഒരു മുറി
എണ്ണ, ഉപ്പ്‌ ആവശ്യത്തിന്‌
 
പാകം ചെയ്യുന്ന വിധം
 
 
മസാലകളെല്ലാം വറുത്തരക്കണം   . തവിട്ടു നിറമാകുന്നതു വരെ സവാള വഴറ്റണം. ഇതിലേക്ക് വേവിച്ചു മിന്‍സ് ചെയ്ത ഇറച്ചിയും ഉപ്പും ചേര്‍ക്കണം. ചൂടാവുമ്പോള്‍ നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് ഇളക്കണം     . തണുത്തു കഴിഞ്ഞാല്‍ പപ്പടത്തിന്റെ അരികില്‍ വെള്ളം നനച്ചു കുറേശ്ശേയായി മസാല ചേര്‍ത്ത് ചുരുട്ടി വശങ്ങള്‍ മടക്കി എണ്ണയില്‍ വറുത്തു ഉപയോഗിക്കാം.

ചിക്കന്‍ മഞ്ചൂരിയന്‍



  1. കോഴി എല്ലില്ലാതെ ചെറിയ കഷണങ്ങളാക്കിയത് അര കിലോ
  2. ചിക്കന്‍ സ്റ്റോക്ക്‌ 3  കപ്പ്‌
  3. മൈദ രണ്ടു ടേബിള്‍ സ്പൂണ്‍
  4. മുട്ട ഒരെണ്ണം
  5. സോയബീന്‍ സോസ് ഒരു ടേബിള്‍ സ്പൂണ്‍
  6. കോണ്‍ ഫ്ലൗര്‍ ഒരു ടേബിള്‍ സ്പൂണ്‍
  7. അജിനോമോട്ടോ ഒരു നുള്ള്
  8. കുരുമുളക്   പൊടി ഒരു ടീസ്പൂണ്‍
  9. വെളുത്തുള്ളി നാല് ചുള
  10. സവാള രണ്ടെണ്ണം
  11. കാപ്സിക്കം ഒരെണ്ണം
  12. ഇഞ്ചി ഒരു ചെറു കഷണം
  13. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍ സ്പൂണ്‍
  14. എണ്ണ - വറുക്കുന്നതിനു ഒരു കപ്പ്‌
  15. എണ്ണ - വഴറ്റാന്‍ 3  ടേബിള്‍ സ്പൂണ്‍
  16. അജിനോമോട്ടോ ഒരു നുള്ള്
  17. കോണ്‍ ഫ്ലൗര്‍ രണ്ടര ടേബിള്‍ സ്പൂണ്‍
  18. സോയ സോസ് രണ്ടു ടേബിള്‍ സ്പൂണ്‍
  19. തക്കാളി സോസ് ഒരു ടേബിള്‍ സ്പൂണ്‍
  20. ചില്ലി സോസ് ഒരു ടേബിള്‍ സ്പൂണ്‍
  21. സെലറി     ചെറുതായി നുറുക്കിയത് രണ്ടു ടേബിള്‍ സ്പൂണ്‍
  22. സ്പ്രിംഗ് ഒണിയന്‍ ചെറുതായി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
  23. ഉപ്പ്‌ പാകത്തിന്
പാകം ചെയ്യുന്ന വിധം
കോഴിയുടെ എല്ലും മറ്റും വെള്ളത്തില്‍ വേവിച്ച്  സ്റ്റോക്ക്‌ പ്രത്യേകം മാറ്റി വെക്കണം. പിന്നീട് 3 ,4 ,5 ,6 ,7 ,8  ചേരുവകള്‍ പേസ്റ്റ് രൂപത്തില്‍ കുഴക്കണം, പിന്നീട് ഫ്രയിംഗ് പാനില്‍ എണ്ണയൊഴിച്ച് കോഴി ഈ പെയ്സ്റ്റില്‍     മുക്കി നേരിയതോതില്‍ ഫ്രൈ ചെയ്യണം. 9 ,10 ,11 ,12  എന്നീ ചേരുവകള്‍ ചെറുതായി അരിഞ്ഞു വഴറ്റണം. തുടര്‍ന്ന് ചിക്കന്‍ സ്റ്റോക്ക്‌ ഇതിലോഴിച്ച് വേവിക്കണം.സ്റ്റോക്കില്‍   17 ,18 ,19 ,20  ചേരുവകള്‍ മിക്സ് ചെയ്തു ഒഴിക്കണം. അവസാനമായി ചാറ് കുറുകി തുടങ്ങുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന ഇറച്ചി  കഷണങ്ങള്‍ ഇതില്‍ ചേര്‍ത്ത് ഇളക്കണം. പിന്നീട് സെലറി അരിഞ്ഞതും സ്പ്രിംഗ് ഒണിയനും   ഒരു നുള്ള് അജിനോമോട്ടോയും ചേര്‍ത്ത് ഇളക്കിയ ശേഷം അടുപ്പില്‍ നിന്നും വാങ്ങണം.

ചിക്കന്‍ ലോഫ്

കോഴി 250  ഗ്രാം 
സവാള 100  ഗ്രാം
പച്ച മുളക് 3  എണ്ണം
ഇഞ്ചി ഒരു കഷണം
വെളുത്തുള്ളി ആറ് ചുള
മസാല പൊടി അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 2  നുള്ള്
മല്ലിയില അല്പം
പാല്‍ കാല്‍ കപ്പ്‌
മുട്ട   രണ്ടെണ്ണം
വെണ്ണ റൊട്ടിയില്‍ പുരട്ടുന്നതിന് ആവശ്യമായത്
ബ്രെഡ്‌ 10  സ്ലൈസ്
ഉപ്പ്‌ പാകത്തിന്.
 
പാകം ചെയ്യുന്ന വിധം
 
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ എണ്ണയില്‍ വഴറ്റണം. വേവിച്ചു ചതച്ചെടുത്ത കോഴി, മസാലപൊടി, മഞ്ഞള്‍ പൊടി, മല്ലിയില, ഉപ്പ്‌ എന്നിവ ചേര്‍ത്ത് ഇളക്കണം. പിന്നീട് ബ്രെഡിന്റെ അരികു കളഞ്ഞ് അല്പം വെണ്ണ പുരട്ടി ബാകിംഗ്   ട്രെയില്‍  നിരത്തണം. അതിനു മീതെ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മസാലക്കൂട്ട് നിരത്തി വീണ്ടും ബ്രെഡ്‌ നിരത്തണം. അതിനു ശേഷം മുട്ടയും പാലും യോജിപ്പിച്ച് അതിനുമുകളില്‍ ഒഴിക്കുക. എന്നിട്ട് കുരുമുളക് പൊടി വിതറി ബെയ്ക്ക്‌   ചെയ്യണം

ബോണ്‍ ലെസ്സ് ചിക്കന്‍













കോഴി കഷണങ്ങള്‍ എല്ല് നീക്കം ചെയ്തത് 250  ഗ്രാം
മുട്ടയുടെ വെള്ള ഒരു മുട്ടയുടെ  
കോന്‍ ഫ്ലൌര്‍ 100  മില്ലി
ചില്ലി ഓയില്‍  2oo  മില്ലി
സോയ സോസ് 2  മില്ലി
കുരുമുളക് 5  എണ്ണം
കാപ്സിക്കം   ഒരെണ്ണം
വറ്റല്‍ മുളക് ഒരു ഗ്രാം
ഇഞ്ചി, വെളുത്തുള്ളി, സ്പ്രിംഗ് ഒണിയന്‍  എന്നിവ പൊടിയായി അരിഞ്ഞത് 5  ഗ്രാം വീതം.
പഞ്ചസാര, ഉപ്പ് പാകത്തിന്
 
പാകം ചെയ്യുന്ന വിധം
 
കോഴി ഒരിഞ്ചു വലിപ്പമുള്ള കഷണങ്ങളാക്കുക. ഇതില്‍ മുട്ടയുടെ വെള്ള, കോണ്‍ഫ്ലൗര്‍, സോയ സോസ്, ചില്ലി ഓയില്‍, ഉപ്പ് എന്നിവ ചേര്‍ത്ത് വെക്കുക. കാപ്സിക്കം ഒരിഞ്ചു നീളമുള്ള കഷണങ്ങളാക്കണം. ഇളം തീയില്‍ കോഴി കഷണങ്ങള്‍ വറുത്തു കോരുക. പിന്നീട് ഒരു ചീനച്ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കി കുരുമുളക്, വറ്റല്‍ മുളക് എന്നിവ ചേര്‍ത്ത് ഇളക്കണം. മിച്ചം വരുന്ന എണ്ണ മാറ്റി വെക്കണം. അടുത്തതായി പാത്രത്തില്‍ ഇഞ്ചി, വെളുത്തുള്ളി, സോയ സോസ് എന്നിവയിട്ട് തുടര്‍ച്ചയായി  ഇളക്കണം.പിന്നീട് കോഴി വെന്ത വെള്ളം, പഞ്ചസാര, ഉപ്പ്‌ എന്നിവ ചേര്‍ക്കണം. എന്നിട്ട് കോണ്‍ ഫ്ലൗര്‍ ചേര്‍ത്ത് കുറുക്കണം. അവസാനമായി കോഴി കഷണങ്ങള്‍ ഈ സോസില്‍ മുക്കുകയും ചില്ലി ഓയിലില്‍ ഇട്ടിളക്കുകയും വേണം.

ചിക്കന്‍ സേയാല്‍











കോഴി മുക്കാല്‍ കിലോ
സവാള 250  ഗ്രാം
തക്കാളി 200  ഗ്രാം
തൈര് അര കപ്പ്‌
പുതിനയില, മല്ലിയില, പാലക് ചീര കുറച്ചു തണ്ടുകള്‍
മുളക് പൊടി അര ടീസ്പൂണ്‍
മല്ലി പൊടി അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി കാല്‍ ടീസ്പൂണ്‍
പച്ചമുളക് നാലെണ്ണം
ഇഞ്ചി അര കഷണം
നെയ്യ് 100  ഗ്രാം
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

കോഴി ഇടത്തരം വലിപ്പത്തിലുള്ള കഷണങ്ങളാക്കി കഴുകി വൃത്തിയാക്കണം. പിന്നീട് തക്കാളി, മല്ലിയില, പുതിനയില , പാലക്ക് ചീര, പച്ചമുളക്, ഇഞ്ചി എന്നിവ പൊടിയായി അരിയുകയും , സവാള ചുരണ്ടുകയും   വേണം. തുടര്‍ന്ന് കുക്കറില്‍  നെയ്‌ ചൂടാക്കി  ഇറച്ചി കഷണങ്ങള്‍, സവാള, തക്കാളി, മഞ്ഞള്‍ , തൈര്, മല്ലിപ്പൊടി, മുളകുപൊടി , ഉപ്പ് എന്നിവയെല്ലാം ചേര്‍ത്ത് കുക്കര്‍ അടക്കണം. കുക്കര്‍ ഉയര്‍ന്ന താപനിലയില്‍ വെക്കണം. അതിനു ശേഷം ഇടത്തരം താപനിലയില്‍ എട്ടു മിനിട്ട് വെച്ച് ആറി കഴിഞ്ഞാല്‍ ഇറക്കണം.