രസ്മലായി















രസഗുളക്ക് :
പാല്‍ ഒരു ലിറ്റര്‍
പഞ്ചസാര 2  കപ്പ്
സിട്രിക് ആസിഡ് ഒരു ടീസ്പൂണ്‍
മൈദ ഒരു ടീസ്പൂണ്‍
രസ്മലായ്ക്ക് :
പാല്‍ ഒരു ലിറ്റര്‍
ക്രീം 250  മില്ലി
പഞ്ചസാര അര കപ്പ്
ഏലക്ക പൊടിച്ചത് രണ്ട്‌ നുള്ള്
സഫ്രോണ്‍ ഒരു നുള്ള്
അണ്ടി പരിപ്പ്, പിസ്ത , ആല്‍മണ്ട് ചെറുതായി അരിഞ്ഞത് രണ്ട്‌ ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം
രസഗുളക്ക് :
പാല്‍ തിളപ്പിച്ചാറ്റി മുകളിലെ ക്രീം നീക്കം ചെയ്യുക. ഇങ്ങനെ വീണ്ടും ചെയ്യുക. സിട്രിക് ആസിഡ് അര കപ്പു വെള്ളത്തില്‍ അലിയിക്കുക. പാല്‍ വീണ്ടും അടുപ്പത്ത് വെച്ച് തിളച്ചു തുടങ്ങുമ്പോള്‍ സിട്രിക് ആസിഡ് കുറേശെയായി പാലിലേക്കു ഒഴിക്കുക. പനീറും വെള്ളവും വേര്‍തിരിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക. പനീര്‍ ഒരു നേര്‍ത്ത തുണിയില്‍ കെട്ടി നാല് മണിക്കൂര്‍ തൂക്കിയിടുക. വെള്ളം മുഴുവന്‍ വാര്‍ന്നു   പോകണം. പനീര്‍ ഒരു പാത്രത്തില്‍ നിരത്തി വെക്കുക. ഇതില്‍ മൈദയും ചേര്‍ത്ത് കുഴച്ചു 15 -20  ചെറിയ ഉരുകളാക്കി വെക്കുക. പഞ്ചസാരയും ആറര കപ്പു വെള്ളവും ഒരുമിച്ചു തിളപ്പിക്കുക. പഞ്ചസാര ലായനി തിളച്ചു തുടങ്ങുമ്പോള്‍ പനീര്‍ ഉരുളകള്‍ ഇതിലിടുക. 5  മിനിട്ട് ശക്തിയായ തീയില്‍ വേവിക്കുക. പിന്നീട് മൂടി വെച്ച് 15  മിനിട്ടും, മൂടി മാറ്റി 10  മിനിട്ടും വേവിക്കുക. ഉരുളകള്‍ തണുത്തതിനു ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. ( പാചകത്തിനിടയില്‍ ഇളക്കരുത്, ഉരുളകള്‍ പൊട്ടി പോകാന്‍ ഇടയുണ്ട്)

രസ്മലായ്ക്ക് :
പാല്‍, ക്രീം, ഏലക്കപൊടി , പഞ്ചസ്സാര എല്ലാം കൂടി തിളപ്പിച്ച്‌ കട്ടിയാക്കുക. ചെറു ചൂടുള്ള പാല്‍ അല്‍പ്പം എടുത്തു സഫ്രോണ്‍ കലക്കി മുഴുവന്‍ പാലിലേക്കു ഒഴിക്കുക. ആവശ്യമെങ്കില്‍ കട്ടി കിട്ടാന്‍ അല്‍പ്പം മൈദയും ചേര്‍ക്കാം. മലായ് തണുപ്പിക്കുക. നേരത്തെ വിവരിച്ച പോലെ രസഗുള തയ്യാറാക്കുക. രാസഗുളകള്‍ ചെറുതായി പിഴിഞ്ഞ് വെള്ളം കളയണം.  വിളമ്പുന്ന   പാത്രത്തില്‍ രാസഗുളകള്‍ ഇട്ടു   മുകളില്‍ മലായ് ഒഴിച്ച് തണുപ്പിച്ചു കഴിക്കാം. മുകളില്‍ അണ്ടി പരിപ്പ് അരിഞ്ഞതിട്ടു അലങ്കരിക്കാം.